പതിവ് പട്ടാള ചിത്രങ്ങളിൽ നിന്ന് മാറി ഇത്തവണ കുടുംബ ചിത്രവുമായി സംവിധായകൻ മേജർ രവി. സിനിമയിൽ സുരേഷ് ഗോപിയും ആശ ശരത്തുമാണ് നായികാ നായകന്മാരായി എത്തുന്നത്.
മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച് കണ്ടുമുട്ടുന്നതും പിന്നീട് അവർ അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്നതുമാണ് കഥാ പശ്ചാത്തലം
സുരേഷ് ഗോപിയുടെയും ആശാ ശരത്തിന്റെയും ബാല്യ കാലത്തിന് ഒരു പ്രധാന പങ്കു ചിത്രത്തിൽ ഉണ്ടാകുമെന്ന് മേജർ രവി അറിയിച്ചു. നായകൻ ആയ സുരേഷ് ഗോപി തന്റെ ഗ്രാമത്തിൽ നിന്നും ഉന്നതപഠനത്തിനായി പോകുന്നതും പിന്നീട് അദ്ദേഹം സമൂഹത്തിൽ നല്ലൊരു പദവിയിൽ ഇരിക്കുന്നതും തുടർന്ന് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നു മേജർ രവി പറഞ്ഞു.
മേജർ രവിയുടെ മകൻ അർജുൻ ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. നിലവിൽ പേരിടാത്ത ചിത്രം പാലക്കാട് ചിത്രീകരിക്കാനാണ് നീക്കം.