ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യ തന്നെയാണെന്നും വ്യക്തമാക്കി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ സംഘം സിബിഐയ്ക്കു റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സുശാന്തിന്റെ കുടുംബവും അഭിഭാഷകനും ഉയര്‍ത്തിയ കൊലപാതക വാദങ്ങളെ തള്ളിക്കൊണ്ടുള്ളതാണ് എയിംസ് സംഘത്തിന്റെ റിപോര്‍ട്ട്. ജൂണ്‍ നാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അന്വേഷിച്ച മുംബൈ പോലിസ് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍, സുശാന്ത് കൊല ചെയ്യപ്പെട്ടതാണെന്ന് ഒരു വിഭാഗം വാദിച്ചതോടെയാണ് സംഭവം മറ്റൊരു തലത്തിലേക്ക് മാറിയത്.ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കേസ് ഏറ്റെടുത്ത സിബിഐ അറിയിച്ചിരുന്നു.
സുശാന്ത് സ്വയം ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് ഫൊറന്‍സിക് പരിശോധകര്‍ എത്തിയതെന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാര്യം മുദ്രവച്ച കവറില്‍ സിബിഐയ്ക്കു കൈമാറിയിട്ടുണ്ട്. ആത്മഹത്യ ആണെങ്കില്‍ പോലും ഇതിനു പ്രേരണയായവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം തുടരുമെന്നാണ് സൂചന. സുശാന്തിന് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രചാരണം. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് എയിംസ് സംഘത്തിലെ ഒരു ഡോക്ടര്‍ തന്നോടു പറഞ്ഞതായി സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.