മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹം റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26നാണ് ചിത്രം തീയറ്ററുകളിലെത്തുക. ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന പേരിലാണ് മരക്കാർ എത്തുന്നത്. 100 കോടി രൂപ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ ആശീർവാദ് സിനിമാസിനൊപ്പം മൂൺലൈറ്റ് എന്റർടെയ്ൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്.
അനി ഐവി ശശി, പ്രിയദർശൻ എന്നിവരുടേതാണ് തിരക്കഥ. സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ധിഖ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സാമൂതിരിയുടെ കപ്പൽപട നായകനായ കുഞ്ഞാലി മരക്കാറും പോർച്ചുഗീസുകാരും തമ്മിൽ നടക്കുന്ന യുദ്ധരംഗങ്ങളാണ് ചിത്രത്തിലെ ഹൈലൈറ്റ്