കോഴിക്കോട് ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം പൈപ്പ്‌ലൈന്‍വഴി; കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകും

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജന്‍വിതരണ സംവിധാനമൊരുങ്ങിയത് കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാവുന്നു. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്‍മ. പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്‌സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്സിജന്‍ ഔട്ട്ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്‌സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം.

ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍, സര്‍ജിക്കല്‍ ഐ.സി.യു. കളില്‍ 22 വീതം കിടക്കകള്‍ ഇത്തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ ഈ ഐ.സി.യുകളിലെ മുഴുവന്‍ കിടക്കകളും കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുകയാണ്. ഇവ കൂടാതെ ഒമ്പതു കിടക്കകളുള്ള കാര്‍ഡിയാക് ഐ.സി.യു, 18 കിടക്കകളുള്ള കാര്‍ഡിയാക് വാര്‍ഡ്, രണ്ട് തിയേറ്ററുകള്‍ എന്നിവയും കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ഒന്നാംഘട്ടത്തില്‍തന്നെ ഈ സൗകര്യം ആശുപത്രിയില്‍ ഒരുക്കിയിരുന്നു. 120 കിടക്കകളില്‍കൂടി പൈപ്പ്‌ലൈന്‍ വഴിയുള്ള ഓക്‌സിജന്‍ സംവിധാനം സജ്ജീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകള്‍ക്കാണ് ഓക്‌സിജന്‍ പോയന്റുകളുള്ളത്. 200 എണ്ണം പുതുതായി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്.

 

കോവിഡ് രോഗികള്‍ക്കായി മാറ്റിയ മെഡിക്കല്‍ കോളേജിലെ പി.എം.എസ്.എസ്.വൈ. ബ്ലോക്കില്‍ 200 കിടക്കകളിലെ ഓക്്‌സിജന്‍ പോയന്റുകള്‍ പ്രവര്‍ത്തനക്ഷമമാണ്. 220-ഓളം ഓക്‌സിജന്‍ ഔട്ട്‌ലെറ്റുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും ചെസ്റ്റ് ആശുപത്രി, സൂപ്പര്‍ സെപെഷ്യാലിറ്റി ആശുപത്രി, കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനമുണ്ട്.