ഇരട്ടവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 വ്യാജ വോട്ടുകളുണ്ടെന്നതിന്റെ തെളിവ് താൻ കോടതിയിൽ നൽകിയതാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് 38586 ഇരട്ട വോട്ടുകൾ മാത്രമാണെന്നാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. താൻ ഉന്നയിച്ച പരാതികളിൽ ഉറച്ച് നിൽക്കുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ നാളെ താൻ പുറത്തുവിടുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയെ പോലെയാണ് പിണറായി വിജയൻ കഴിഞ്ഞ അഞ്ച് വർഷം പ്രവർത്തിച്ചത്. കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷം ഒന്നും നേടിയെടുക്കാൻ സർക്കാറിന് കഴിഞ്ഞില്ല.