ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു.
ഇരട്ട വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹർജിയിൽ രമേശ് ചെന്നിത്തല ഉന്നയിച്ചത്. അഞ്ച് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചെന്നിത്തല പറയുന്നു. ഇരട്ട വോട്ട് നീക്കം ചെയ്യുന്നതിൽ സാങ്കേതിക തടസ്സമുണ്ടെന്ന് കമ്മീഷൻ മറുപടി നൽകിയതായും ഹർജിയിൽ പറയുന്നുണ്ട്
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ചീഫ് ജസ്റ്റിസിന്റെ അഭാവത്തിൽ ജസ്റ്റിസ് രവികുമാറാണ് ഹർജി പരിഗണിച്ചത്.