പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാണാതായ ജിത്തുവിനായാണ് ലുക്ക് ഔട്ട് നോട്ടീസ്. എറണാകുളം പറവൂരില്‍ വീടിനുള്ളില്‍ യുവതി വെന്തുമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
അതേസമയം രണ്ട് കാര്യങ്ങളിലാണ് ഇനി പോലീസിന് വ്യക്തത വരുത്താനുള്ളത്. യുവതി വെന്തുമരിച്ച സംഭവം കൊലപാതകം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പാക്കണം. കൊലപാതകമാണ് എന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
കൊലക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണം. മരിച്ചത് മൂത്ത മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും വെന്ത് കരിഞ്ഞ ശരീരം ആരുടെതെന്ന് ഉറപ്പാക്കണമെങ്കില്‍ ഡി എന്‍ എ പരിശോധന നടത്തണം.

സംഭവത്തിന് പിന്നാലെ കാണാതായ ഇളയ സഹോദരി ജിത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ ദുരൂഹത മാറൂ. ജിത്തു മുന്‍പ് രണ്ട് തവണ വീട് വിട്ട് പോയിരുന്നു. രണ്ടു തവണയും വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെങ്കിലും ഇത്തവണ അത്ര എളുപ്പമല്ല എന്ന് പൊലീസ് മനസ്സിലാക്കുന്നുണ്ട്.
ഇതിനകം ജിത്തു എറണാകുളം ജില്ല വിട്ടുപോയതായാണ് പൊലീസിന്റെ നിഗമനം. കൊടുങ്ങല്ലൂരില്‍ കണ്ടതായി ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വ്യാപകമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

കൊലപാതകത്തില്‍ മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യവും പൊലീസ് തള്ളിക്കളയുന്നില്ല. അങ്ങനെയെങ്കില്‍ ജിത്തുവിന്റെ ജീവനും അപകടത്തിലായേക്കാം. അതിനാല്‍ ഇന്ന് തന്നെ യുവതിയെ കണ്ടെത്തി കേസിന്റെ കുരുക്കഴിയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.