സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ്മുക്തരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുളള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങും.

കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകൾ ആരംഭിക്കുന്നത്. രോഗമുക്തർ എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും.

ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് കോവിഡ് ആശുപത്രികളിൽ ചികിത്സ നൽകും. ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ചും രോഗമുക്തർക്ക് ചികിത്സ തേടാം.

സാംക്രമിക രോഗങ്ങളുടെ ചുമതലയുളള ഡെപ്യൂട്ടി ഡിഎംഒമാരാണ് ജില്ലാതലങ്ങളിൽ പദ്ധതിയുടെ നോഡൽ ഓഫീസർമാർ. തളർച്ച, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, ഓർമക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് കോവിഡ് മുക്തരിൽ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. പലരിലും ഇത് ദീർഘകാലം നീണ്ടുനിൽക്കുന്നു. ചിലർക്ക് നേരത്തേ ഉള്ള രോഗങ്ങൾ ഗുരുതരമാകുന്നുമുണ്ട്.