കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒക്‌ടോബര്‍ 14 ന് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിക്കുന്നത്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.
കോവിഡ് ഒരു പുതിയ വൈറസ് രോഗമായതിനാല്‍ ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകമെമ്പാടും നടന്നു വരികയാണ്. കോവിഡ് വൈറസ് മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് ആദ്യഘട്ട പരിശോധന ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതതിന്റെ വിദഗ്ധ ഡോക്ടര്‍മാരുടെ അടുത്തേക്ക് റഫര്‍ ചെയ്യുന്നതും ഈ ക്ലിനിക്കില്‍ വച്ചാണ്.