പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ജീവനൊടുക്കി. പത്തനംതിട്ടയിൽ കലഞ്ഞൂർ സ്വദേശി നിഷാന്ത് (41) ആണ് റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റീൻ സെൻ്ററിലെ ഫാനിൽ തൂങ്ങി മരിച്ചത്. ക്വാറന്‍റീനിലിരിക്കെ മദ്യം ലഭിക്കാത്തതാണ് ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്. ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.
കോവിഡ് നിരീക്ഷണത്തിലും, ചികിത്സയിലും കഴിയുന്നവർ ആത്മഹത്യ ചെയ്യുന്ന സംഭവം സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കോവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് ഉണ്ടായാൽ പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിരീക്ഷണത്തിലുള്ളവർക്കും ചികിത്സയിലുള്ളവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് പ്രധാന കോവിഡ് ആശുപത്രികളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ആത്മഹത്യകൾ രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ വേണമെന്ന സൂചനയാണ് നൽകുന്നത്.