സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയേക്കും; സ്വർണക്കടത്ത് കേസിൽ നിർണായക നീക്കം

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. ഇയാളുടെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി എൻഐഎ രേഖപ്പെടുത്തും. ഇതിനായുള്ള അനുമതി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി നൽകിയിട്ടുണ്ട്.

 

സിആർപിസി 164 പ്രകാരം സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുപരിശോധിച്ച ശേഷമാകും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. സ്വർണക്കടത്ത് മുഖ്യ ആസൂത്രകനായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ളതും ഇയാൾക്കാണ്.

തെളിവുകളുടെ അപര്യാപ്തതയെ തുടർന്ന് മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പുസാക്ഷിയാക്കാനും എൻഐഎ നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് സന്ദീപ് നായരും കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായിരിക്കുന്നത്.