സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് മരണം കൂടുന്നു. ഈ മാസം മാത്രം 400 പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തി മരണനിരക്ക് പിടിച്ചുനിർത്താൻ ആണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസകരം. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെ മരണവും കൂടി. ആദ്യ മരണം സംഭവിച്ചത് മാർച്ച് 28ന്. മരണസംഖ്യ നൂറിലെത്തിയത് ആഗസ്റ്റ് ഏഴിന്. സെപ്തംബർ 2 ന് കോവിഡ് മരണം 300 കടന്നു. എന്നാൽ ഇന്നലെയത് 719 ആയി.
പ്രതിദിനം ശരാശരി അഞ്ച് മരണങ്ങളെന്നത് ഇപ്പോൾ 20 ആയി ഉയർന്നു. 0.4% ആണ് മരണനിരക്ക്. നിലവിലെ കോവിഡ് മൂലം മരിച്ചവരിൽ 80 ശതമാനം മറ്റ് അസുഖങ്ങളുള്ളവരാണ്. 18 നും 40നും ഇടയിൽ പ്രായമുള്ള 35 പേരും, 41 നും 59 ഇടയിലുള്ള 164 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
മുതിർന്നവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും പ്രത്യേക പരിഗണന നൽകാനാണ് സർക്കാർ ശ്രമം. ഇതിനായി ആവിഷ്കരിച്ച ഗ്രാന്‍റ് കെയർ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ജാഗ്രത വർധിപ്പിച്ചില്ലെങ്കിൽ മരണസംഖ്യ ക്രമാതീതമായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.