പ്ലസ് വൺ സീറ്റ് പ്രവേശനം: എല്ലാവർക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:  പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിലുള്ള പ്രവേശനത്തിൽ എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  അറിയിച്ചു. ആകെ 94,390 അപേക്ഷകരാണ് ഉള്ളത് .മന്ത്രിസഭായോഗ തീരുമാനപ്രകാരം വര്‍ധിപ്പിച്ച സീറ്റിലേക്ക് സ്​കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്​ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിക്കുകയും ട്രാന്‍സ്​ഫര്‍ അലോട്ട്മെന്‍റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നവംബര്‍ 9,10 തീയതികളിലായി ട്രാന്‍സ്​ഫര്‍ അഡ്​മിഷന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നവംബര്‍ 17 ന് രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച്‌ വിജ്ഞാപനം ചെയ്തു അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. പ്രവേശനം നവംബര്‍ 22,23,24 തിയ്യതികളിലായി പൂര്‍ത്തീകരിക്കും.

പ്ലസ് വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ സീറ്റുകളുണ്ടെന്നും  രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും മന്ത്രി  വ്യക്തമാക്കിയിട്ടുണ്ട്.