ആര്യന്‍ ഖാന്‍ ഇന്ന് ജയിൽ മോചിതനാകില്ല; ജാമ്യം നിന്നത് നടി ജൂഹി ചൗള

മുംബൈ: മയക്കുമരുന്ന് കേസില്‍  ആര്യന്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് ജയില്‍ മോചിതനാകില്ല. വൈകിട്ടോടെ  ആര്യന്‍ ജയിലിൽ നിന്നും പുറത്തു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നതിനാൽ നാളെയായിരിക്കും ജയിൽമോചനം. പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗളയാണ് ആര്യന്‍ ഖാന് ജാമ്യം നില്‍ക്കുന്നത്. കോടതിയില്‍ ഒരു ലക്ഷത്തിന്‍റെ ജാമ്യമാണ് ജൂഹി ചൗള  ഒപ്പിട്ട് നല്‍കിയത്. താരത്തിന്‍റെ അടുത്ത സുഹൃത്തായതിനാൽ ജാമ്യത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.

ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന് 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എന്‍.ഡബ്ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ഖാന്‍റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.  ജാമ്യം നല്‍കിയാല്‍ പ്രതികൾ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അതുവഴി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.