മള്‍ട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം-സി (എംഐഎസ്സി) ബാധിച്ചു സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്ക് മിസ്ക് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300ലേറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്.