വിസ്മയയുടെ മരണം: കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കും, കിരൺ ജയിലിൽ നിന്നിറങ്ങില്ല

 

കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെതിരെ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ ഐജി ഹർഷിത അട്ടല്ലൂരി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കാണ് നിർദേശം നൽകിയത്

വിസ്മയയുടേത് കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് ഇനിയും എത്തിയിട്ടില്ല. ജീവപര്യന്തം ശിക്ഷയെങ്കിലും കിരൺ കുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെങ്കിൽ കിരൺ കുമാർ ജാമ്യം നേടാനുള്ള സാധ്യതയുണ്ട്. ഇത് തടയാനാണ് ഐജി നിർദേശം നൽകിയത്

കൊല്ലം ഉത്തര വധക്കേസ് പ്രതി സൂരജിന് ഒരു ഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. സമാന രീതിയിൽ വിസ്മയ കേസിലും അന്വേഷണവും റിപ്പോർട്ടും നൽകാനാണ് ഐജിയുടെ തീരുമാനം. കേസിനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.