സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരും അനുബന്ധ രോഗമുള്ളവരും അടക്കം ഏകദേശം ഒമ്പത് ലക്ഷം പേർ വാക്‌സിനെടുക്കാൻ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പലരും വാക്‌സിനെടുക്കുന്നതിൽ വിമുഖത തുടരുന്നത് ഗൗരവമായി പരിശോധിക്കും. പ്രായമുള്ളവരും അനുബന്ധ രോഗമുള്ളവരും വാക്‌സിനെടുത്താൽ അപകടമുണ്ടാകുമോയെന്ന് ഭയക്കുന്നുണ്ട്. വാക്‌സിന്റെ പാർശ്വഫലങ്ങളെ കുറിച്ചോർത്തും ആശങ്കകളുള്ള ആളുകളുണ്ട്. അശാസ്ത്രീയവും വാസ്തവിരുദ്ധവുമായ വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾ ആശങ്കകൾ വർധിപ്പിക്കുന്നു.
വാക്‌സിനെടുത്താൽ ചെറുപ്പക്കാരിൽ കാണുന്നതിനേക്കാൾ കുറഞ്ഞ പാർശ്വഫലങ്ങളാണ് പ്രായമായവരിൽ കാണന്നത്. അതോടൊപ്പം ചെറുപ്പക്കാരിൽ ഉണ്ടാകുന്നതിനേക്കാൾ മികച്ച രോഗപ്രതിരോധം പ്രായമുള്ളവരിൽ വാക്‌സിനെടുത്തതിന് ശേഷമുണ്ടാകുകയും ചെയ്യുന്നു.
മരണമടയുന്നവരിൽ ഭൂരിഭാഗവും വാക്‌സിനെടുക്കാത്തവരാണ്. രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗം വാക്‌സിൻ സ്വീകരിക്കുന്നതാണ്.
രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർടിപിസിആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിന് മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യത്തെ ഡോസ് വാക്‌സിനേഷൻ ലഭിച്ച ജില്ലകളിൽ സെന്റിനൈൽ സർവൈലൻസിന്റെ ഭാഗമായി ആയിരം സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിൽ താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലാകും ടെസ്റ്റ് നടത്തുക.