കൊവിഡ് വന്നുപോയ കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം എന്ന ആരോഗ്യപ്രശ്‌നം കാണപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വേഗത്തിൽ ചികിത്സ ലഭ്യമാക്കാവുന്ന രോഗാവസ്ഥയാണിത്. വയറുവേദന, പനി, തൊലിപ്പുറത്തെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.
അസുഖം ചികിത്സിക്കുന്നതിന് വേണ്ട പരിശീലനം ഡോക്ടർമാർക്ക് നൽകിവരികയാണ്. ചികിത്സക്ക് വേണ്ട സൗകര്യം മെഡിക്കൽ കോളജ് ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. രോഗബാധ കണ്ടെത്തിയാൽ ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്
മൂന്നാംതരംഗമുണ്ടായാൽ കൂടുതൽ ഭീഷണി കുട്ടികളിലെ രോഗബാധയാണ്. ഇത് കണക്കിലെടുത്ത് ചികിത്സാ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ ഓക്‌സിജൻ കിടക്കകൾ, വെന്റിലേറ്റർ സൗകര്യം എന്നിവ സജ്ജീകരിക്കുന്നുണ്ട്.
കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ ശ്രദ്ധ വേണം. ഇതുമുന്നിൽ കണ്ട് പീഡിയാട്രിക് ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. 490 ഓക്‌സിജൻ കിടക്കകൾ, 158 എച്ച് ഡി യു കിടക്കകൾ, 96 ഐസിയു കിടക്കകൾ എന്നിവയടക്കം 790 കിടക്കകൾ സജ്ജീകരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.