ജാമ്യം കിട്ടിയാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യത: കുടുംബാംഗങ്ങളെ പ്രതി ചേർത്ത് കിരണിനെതിരെ കുറ്റപത്രം സമർപ്പിക്കും

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വിസ്മയയുടേത് കൊലപാതകമാണെന്ന ബന്ധുക്കളുടെ സംശയം മുഖവിലയ്‌ക്കെടുത്ത് പോലീസും. വിസ്മയ ആത്മത്യ ചെയ്തതാണെന്ന മൊഴിയിൽ കിരണും മാതാപിതാക്കളും ഉറച്ച് നിൽക്കുമ്പോഴും ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കേസിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം.

കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പരമാവധി തെളിവുകൾ ശേഖരിച്ച് കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറക്ക് കുടുംബാംഗങ്ങളെക്കൂടി പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം. കീഴടങ്ങുന്നതിന് മുമ്പ് തന്നെ കിരണിന് നിയമസഹായം ലഭിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കിരൺ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. സസ്‌പെന്‍ഷന്‍ അവസാനിച്ച് കിരണ്‍ ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച്‌ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. ഇതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. കിരണിനെ കസ്റ്റഡിയില്‍ വച്ച്‌ ചോദ്യം ചെയ്തു കൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനും പൊലീസ് ശ്രമിക്കും. അടുത്ത സുഹൃത്തുക്കളോടും വിസ്മയ ഭര്‍തൃവീട്ടിലെ സാഹചര്യം വിശദീകരിച്ചിരുന്നു. ബന്ധുക്കള്‍, സഹപാഠികള്‍ എന്നിവരുടെ മൊഴി പോലീസ് എടുത്തു.