കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് നിതിൻ ഗഡ്‌കരി

കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കൊവിഡ്-19 സാഹചര്യങ്ങൾ കാരണമാണ് ഡൽഹിയിലേക്ക് എത്താൻ വൈകുന്നതെന്ന് ക്ഷണം സ്വാഗതം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തവണ ഡൽഹിയിലെത്തുമ്പോൾ തീർച്ചയായും കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ – വികസന പദ്ധതികൾ എന്നിവ ചർച്ച ചെയ്‌ത് തീരുമാനിക്കാനുണ്ടെന്നും അതിനായി മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരെയും ഡൽഹിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഗഡ്‌കരി പറഞ്ഞു. “ഡൽഹിയിലെത്തുമ്പോൾ റോഡ് നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെയാകും കൂടിക്കാഴ്‌ച” – എന്നും ഗഡ്‌കരി പറഞ്ഞു.