പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 28ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 6 വരെ കോവിഡ് -19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ Candidate Login ലെ Second Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലെ സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം 2020 ആഗസ്റ്റ് 4 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്തു അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്‌മെന്റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ സ്ഥിര പ്രവേശനം നേടണം. ഉയര്‍ന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലെറ്ററി ലെ നിര്‍ദ്ദിഷ്ട സമയത്ത് സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറല്‍ റവന്യൂവിലടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളില്‍ ഫീസ് അടയ്ക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിര്‍ദ്ദിഷ്ട സമയത്തുതന്നെ സ്‌കൂളില്‍ പ്രവേശനത്തിന് ഹാജരാകണം.
രണ്ടാം അലോട്ട്‌മെന്റിനോടൊപ്പം സ്‌പോര്‍ട്‌സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷന്‍, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ എന്നിവയും നടക്കുന്നതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം
തെരഞ്ഞെടുക്കേണ്ടത്. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലുമൊരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാന്‍ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിനു പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് ഈ അവസരത്തില്‍ തെറ്റ് തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷന്‍ 2020 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ ആയിരിക്കും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം
The Best Online Portal in Malayalam