അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി; നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ

 

സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് നിന്നാണ് കാർ കണ്ടെത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നത് ഈ കാറാണ്. നേരത്തെ അഴീക്കോട് ഈ കാർ കണ്ടെത്തിയതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ വരുമ്പോഴേക്കും വാഹനം ഇവിടെ നിന്ന് കടത്തിയിരുന്നു. രണ്ട് ദിവസമായി കാറിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്

തെളിവ് നശിപ്പിക്കാനായാണ് കാർ മാറ്റിയതെന്നാണ് സൂചന. കുളപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കാർ കണ്ടെത്തിയത്. സജേഷ് എന്ന സിപിഎം പ്രവർത്തകന്റെ പേരിലുള്ളതാണ് കാർ. ഇത് സ്വർണക്കടത്ത് ക്വട്ടേഷന് അർജുൻ ആയങ്കിക്ക് ഉപയോഗിക്കാൻ നൽകിയതിന്റെ പേരിൽ സജേഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.