വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷനിൽ തടസ്സം വരുന്നതെന്ന് മുഖ്യമന്ത്രി

 

കൊവിഡ് വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷന് തടസ്സം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3.68 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്.

പുതിയ വാക്‌സിൻ പോളിസി കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. ഇത്രയധികം വാക്‌സിൻ എന്തിനാണ്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കണക്ക് വെച്ച് ലഭ്യമായാൽ മതിയാവില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും സ്‌റ്റോക്ക് കൈവശമില്ലെങ്കിൽ ഓൺലൈൻ ബുക്കിംഗിൽ പ്രശ്‌നമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

നിലവിൽ വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ തൊട്ടുമുമ്പുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാനാകുന്നത്. ആ രീതിയിൽ അടുത്ത ദിവസത്തേക്കുള്ള സ്ലോട്ടുകൾ ഇന്ന് രജിസ്‌ട്രേഷനായി അനുവദിക്കുമ്പോൾ അൽപ്പസമയത്തിനുള്ളിൽ തീരുകയാണ്. വെബ്‌സൈറ്റൽ കയറുന്ന ആളുകൾക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ലോട്ടുകൾ കാണാൻ സാധിക്കില്ല.

ആവശ്യമായ ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്. മുതിർന്ന പൗരൻമാരെ സംബന്ധിച്ച് അവർക്കായി പ്രത്യേക കൗണ്ടറുകൾ തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.