തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ക്ഷാമവും രജിസ്‌ട്രേഷനിലെ ആശയക്കുഴപ്പവും തുടരുന്നു. വ്യാഴാഴ്ച രാത്രി ലഭിച്ച 6.5 ലക്ഷം ഡോസില്‍ ശേഷിക്കുന്ന നാലുലക്ഷം ഡോസ് രണ്ടുദിവസംകൊണ്ട് തീരും. തിരുവനന്തപുരം മേഖലയ്ക്ക് മൂന്നരലക്ഷവും കൊച്ചി, കോഴിക്കോട് മേഖലകള്‍ക്ക് ഒന്നരലക്ഷം വീതവുമാണ് വിതരണംചെയ്തത്.
പൊതു അവധിയാണെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അടുത്ത ബാച്ച് വാക്‌സിന്‍ എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് അറിയിപ്പ് കിട്ടിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ള 1.13 കോടി പേരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കണമെങ്കില്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ വേണ്ടിവരും.ഇതിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷാമം കാരണം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വെള്ളിയാഴ്ച വാക്‌സിന്‍ എടുക്കാന്‍ സമയം അനുവദിച്ചിരുന്നവരുടെ എണ്ണം വ്യാഴാഴ്ച രാത്രിയോടെ വെട്ടിക്കുറച്ചു. മറ്റൊരു ദിവസത്തേക്ക് വാക്‌സിനേഷന്‍ നല്‍കാമെന്ന എസ്.എം.എസ്. സന്ദേശം നല്‍കി. ഈ സന്ദേശം ഡിലീറ്റ് ചെയ്ത് പലരും വാക്‌സിനെടുത്തു. അര്‍ഹരായ പലര്‍ക്കും ഇതോടെ വാക്‌സിന്‍ കിട്ടാതായി. ഇത് പലയിടത്തും തര്‍ക്കത്തിനിടയാക്കി.
സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വിതരണവും കാര്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍നിന്നും വാക്‌സിന്റെ ആദ്യഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിന് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതേസമയം രജിസ്‌ട്രേഷനിലെ ആശയക്കുഴപ്പം തുടരുന്നുണ്ട്. വാക്‌സിന്‍ എടുക്കാത്തവരും മരുന്ന് സ്വീകരിച്ചതായി എസ്.എം.എസ്. സന്ദേശം ലഭിച്ചതും ആശങ്കയ്ക്കിടയാക്കി. ഇത് സാങ്കേതികത്തകരാര്‍ അല്ലെന്നും നേരത്തേ മൊബൈല്‍ നമ്ബര്‍ തെറ്റായി നല്‍കിയതാണ് കാരണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
വാക്സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സൗകര്യങ്ങള്‍ വിപുലീകരിക്കും. മറ്റു രോഗങ്ങളുള്ളവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുടങ്ങും. ആദിവാസി മേഖലകളില്‍ വാക്സിനേഷന് സൗകര്യം ഒരുക്കും.