വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം. അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലേക്കാണ് കൊവിഷീല്‍ഡ് എത്തിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

തിരുവനന്തപുരം മേഖലക്ക് രണ്ടര ലക്ഷം, കൊച്ചി, കോഴിക്കോട് മേഖലകള്‍ക്ക് ആയി ഒന്നര ലക്ഷം വീതം വാക്സിന്‍ ആണ് എത്തിയത്. ഒരു ലക്ഷം ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്സിനേഷന്‍. വാക്സിന്‍ കേന്ദ്രങ്ങളെ കുറിച്ച്‌ അതത് ജില്ല ഭരണകൂടങ്ങള്‍ അറിയിപ്പ് നല്‍കും. രണ്ടാം ഡോസ് എടുക്കാന്‍ എത്തുന്നവരും രജിസ്റ്റര്‍ ചെയ്യണം.
കേന്ദ്രസ‍ര്‍ക്കാരിന്റെ വാക്സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ വാങ്ങാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ വാക്സിനായി കേന്ദ്രത്തെ മാത്രം ആശ്രയിച്ച്‌ ഇരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് വാക്സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള 1കോടി 65 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കേണ്ടിവരിക.
18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര്‍ സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്സിന്‍ നല്‍കുന്നതില്‍ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച്‌ ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.