നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വിഭജനം അടക്കമുള്ള മുന്നൊരുക്കങ്ങളിലേക്ക് മുന്നണികൾ കടന്നു. യുഡിഎഫിന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് കരിപ്പൂരിലാണ് രാഹുൽ വിമാനമിറങ്ങുന്നത്
കരിപ്പൂരിൽ വെച്ച് രാഹുൽ കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ കൂടാതെ മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
തുടർന്ന് രാഹുൽ ഗാന്ധി വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങൾക്ക് കീഴിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളുടെ സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം വയനാട്ടിലേക്ക് തിരിക്കും.
എൽ ഡി എഫ് യോഗവും ഇന്ന് ചേരുന്നുണ്ട്. എകെജി സെന്ററിലാണ് യോഗം ചേരുന്നത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കവും എൻസിപിയുടെ മുന്നണി മാറ്റ ശ്രമവും തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. യോഗത്തിൽ ടിപി പീതാംബരനും മാണി സി കാപ്പനും പങ്കെടുക്കും. അതേസമയം ഇന്ന് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച നടക്കില്ലെന്നാണ് അറിയുന്നത്.