കോവിഡ് കാലത്തെ വിദ്യാർഥികളുടെ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പ് പ്രൊട്ടോകോൾ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സ്കൂൾ ബസുകൾക്ക് രണ്ട് വർഷത്തെ ടാക്സ് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ഉടൻ ഇറങ്ങും. സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താൻ നിർദേശം നൽകിയെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുമ്പ് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം വകുപ്പ് പൂർത്തിയാക്കി. 1622 സ്കൂള്‍ ബസുകള്‍ മാത്രമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയത്. എല്ലാ കുട്ടികള്‍ക്കും ഒരുമിച്ച് സ്കൂള്‍ തുറക്കാത്തതിനാല്‍ യാത്രാ ബുദ്ധിമുട്ട് ഉണ്ടാകില്ല. ആവശ്യമായ എല്ലാ സ്ഥലത്തും കുട്ടികൾക്കായി കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്തും. കുട്ടികളെ കയറ്റാത്ത സ്വകാര്യബസുകള്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
“സ്വകാര്യ സ്കൂളുകൾക്കും കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾ കൂടി കെ.എസ്.ആർ.ടി.സി ഇറക്കും. ബോണ്ട് സർവീസിൽ കുറച്ചു തുക മാത്രമേ ഈടാക്കുകയുള്ളൂ. കെ.എസ്.ആർ.ടി.സിയിൽ ഒരു ബസ്സിന്റെ 25 % കപ്പാസിറ്റി വിദ്യാർത്ഥികൾക്കായി മാറ്റിവെക്കും. മൂന്നിൽ രണ്ട് ഭാഗം വിദ്യാർത്ഥികൾക്ക് മാത്രമേ സ്കൂളിൽ എത്താൻ കഴിയുകയുള്ളൂ. അവർക്ക് സ്കൂളിലെത്താനുള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നിർത്തുമെന്ന വിവരം സർക്കാരിനില്ല. “- ഗതാഗത മന്ത്രി വ്യക്തമാക്കി.