വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് പരിഗണനയിലെന്ന് മന്ത്രി

 

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മാത്രമായി കെ എസ് ആർ ടി സി സർവീസ് നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെയുണ്ടായിരുന്ന ഈ സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിലായിരിക്കും സർവീസ്

വിദ്യാർഥികളുടെ യാത്രാ സൗകര്യം സുഗമമാക്കാൻ സ്‌കൂൾ ബസുകൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് ലഭിച്ച ശേഷം നേരിട്ട് ഇടപെടും. എംഎൽഎമാരോടും എംപിമാരോടും പഞ്ചായത്ത് അംഗത്തോടും അടക്കം സഹായം ആവശ്യപ്പെടും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസിനും ചുമതല നൽകിയിട്ടുണ്ട്.

സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 20ന് മുമ്പ് പൂർത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യ വാഹനങ്ങളായാലും സ്‌കൂൾ വാഹനങ്ങളായാലും ഡ്രൈവർക്ക് പത്ത് വർഷത്തെ പ്രവർത്തന പരിചയമുണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സേഫ്റ്റി ഓഫീസറായി നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.