സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
വിവിധ ജില്ലകളിൽ നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നുവെന്നായിരുന്നു ഹർജി. വിദ്യാർഥികളുടെ പ്രശ്‌നത്തിൽ പരിഹാരം കാണുന്നതിന് ഇടപെടൽ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിർദേശിച്ചു
ഓൺലൈൻ പഠന സൗകര്യം ആർക്കും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ ക്ലാസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികളെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പഠന സൗകര്യങ്ങൾ ഇല്ലാത്ത കാര്യം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കണം. സംസ്ഥാന ഐടി മിഷനുമായി ചേർന്ന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം.
വ്യക്തികളും സ്ഥാപനങ്ങളും വിദേശ മലയാളികളും അടക്കം സഹായങ്ങൾ ചെയ്യാൻ കഴിയുന്നവർക്ക് സഹായം ഉറപ്പാക്കാൻ കഴിയുന്ന സുതാര്യമായ സംവിധാനത്തെ കുറിച്ച് ആലോചിക്കാനും കോടതി നിർദേശിച്ചു.