പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ലേലം ചെയ്‌തോ വിൽപ്പന നടത്തിയോ നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. കേസിൽ അന്വേഷണം തുടരുന്നതിനൊപ്പം തന്നെ നിക്ഷേപകരുടെ നഷ്ടം നികത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്
സ്വത്ത് കണ്ടുകെട്ടാൻ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ ആഭ്യന്തര വകുപ്പ് പറയുന്നുണ്ട്. സഞ്ജയ് കൗൾ ഐഎഎസിനെ ഇതിന്റെ ചുമതല നൽകി. 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പോപുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്.
125 കോടിയോളം രൂപയുടെ ആസ്തി ഇവർക്കുണ്ട്. തമിഴ്‌നാട്ടിൽ മൂന്നിടത്തായി 48 ഏക്കർ സ്ഥലം, ആന്ധ്രയിൽ 22 ഏക്കർ, തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ, കൊച്ചിയിലും തൃശ്ശൂരിലും ഫ്‌ളാറ്റുകൾ, പൂനെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസ് കെട്ടിടം തുടങ്ങിയ സ്വത്തുവകകളാണ് ഇവർക്കുള്ളത്.

 
                         
                         
                         
                         
                         
                        