തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത 3 മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്..
അതേസമയം, യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച പുലര്‍ച്ചെയോടെ കര തൊടാന്‍ സാദ്ധ്യത. അപകട സാദ്ധ്യത കണക്കിലെടുത്ത് ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാദ്ധ്യതയുള്ള ബംഗാളിലെയും ഒഡിഷയിലെയും പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധര്‍മ പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിലും അടിയന്തര സാഹചര്യം നേരിടാന്‍ മുന്നൊരുക്കം പൂര്‍ത്തിയായി.