യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; സംസ്ഥാനത്തും മഴ ശക്തമാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഒഡീഷയിലെ ദമ്ര-ബാലസോർ സമീപത്ത് കൂടി മണിക്കൂറിൽ 130 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് കരയിലേക്ക് പ്രവേശിക്കുക.

അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറിൽ 290 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ നിന്ന് 11 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.

ബംഗാളിൽ ഒമ്പത് ലക്ഷം പേരെയും ഒഡീഷയിൽ രണ്ട് ലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ആന്ധ്രയിലെ വിശാഖപട്ടം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.