അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്: ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍, ഇന്ന് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

 

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കോടതിയില്‍ ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിഡബ്ല്യുസി. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് കേസ് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും.

സിഡബ്ല്യുസി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. കുഞ്ഞ് അനുപമയുടെയും പങ്കാളി അജിത്തിന്റേതുമാണെന്ന് തെളിഞ്ഞതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിതിരിവുണ്ടായത്.

ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അനുപമയ്ക്ക് ഇന്നലെ കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ അജിത്തിനെ സിഡബ്ല്യുസി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അനുപമ ശിശുഭവനില്‍ എത്തി കുഞ്ഞിനെ കണ്ടു. അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.