ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; പുഴകൾ കര കവിഞ്ഞൊഴുകുന്നു, വിവിധ ജില്ലകളിൽ ആളുകളെ മാറ്റി പാർപ്പിച്ചു

 

സംസ്ഥാനത്തു  ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്ക് രാത്രിയോടെ നേരിയ ശമനമുണ്ടായിട്ടുണ്ട്. അകമ്പാടത്ത് മലവെള്ള ഭീഷണിയുള്ള മേഖലയിൽ നിന്ന് ആറ് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ചോക്കാട് പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ എട്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു

അകമ്പാടിയിൽ കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 36 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പാലക്കാടും കനത്ത മഴ തുടരുകയാണ്. ഭവാനി പുഴ കര കവിഞ്ഞൊഴുകി. ചെമ്മണ്ണൂർ പാലത്തിന്റെ കൈവരികൾക്ക് നാശം സംഭവിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

ഇടുക്കിയിൽ മൂന്നാറിലേക്കുള്ള വാഹനങ്ങൾ പഴയ മൂന്നാർ ബൈപ്പാസ് വഴി തിരിച്ചുവിട്ടു. പോലീസ് ക്യാന്റിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്നാണിത്. മുൻകരുതൽ നടപടികളുമായി ഭാഗമായി മൂന്നാറിൽ രണ്ട് ദുരിതാശ്വാ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.