ഹരിദാസിനെ വധിക്കാൻ മുമ്പും ശ്രമം; ഒരാഴ്ച മുമ്പ് ശ്രമം നടന്നത് നിജിൽ ദാസിന്റെ നേതൃത്വത്തിൽ

 

തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. ഹരിദാസിനെ വധിക്കാൻ നേരത്തെയും പദ്ധതിയിട്ടിരുന്നു. ഒരാഴ്ച മുമ്പ് നടന്ന നീക്കം നിജിൽദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റസമ്മത മൊഴി നൽകി.

കൊലയ്ക്ക് തൊട്ടുമുമ്പ് അറസ്റ്റിലായ ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഫോണിൽ വിളിച്ച പോലീസുകാരനെയും ചോദ്യം ചെയ്യും. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുക. രാത്രി ഒരു മണിയോടെയാണ് സുരേഷും ലിജേഷും ഫോണിൽ സംസാരിച്ചത്. ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു

കോൾ ഡീറ്റൈൽസ് ഫോണിൽ നിന്ന് സുരേഷ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ ഫോൺ പരിശോധിച്ചപ്പോൾ സുരേഷും ലിജേഷും നാല് മിനിറ്റോളം നേരം സംസാരിച്ചതായി വ്യക്തമായി. ലിജേഷിന്റെ ബന്ധു കൂടിയാണ് സുരേഷ്.