ഹരിദാസിനെ കൊലപ്പെടുത്തിയതിൽ മുഖ്യ സൂത്രധാരൻ ലിജേഷ്; തെളിവായി വാട്‌സാപ്പ് കോൾ

 

തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ലിജേഷ് എന്ന് പോലീസ്. കേസിൽ ലിജേഷ് അടക്കം നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിജീഷിന് പുറമെ കെ വി വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവദിവസം പുലർച്ചെ ഒരു മണിക്ക് ലിജേഷ് നടത്തിയ വാട്‌സാപ്പ് കോളാണ് നിർണായക തെളിവായി പോലീസിന് ലഭിച്ചത്

അറസ്റ്റിലായ സുമേഷിനെയാണ് ലിജീഷ് വിളിച്ചത്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കാര്യം അറിയിക്കുന്നത്. ഹരിദാസിനെ കൊലപ്പെടുത്താനായി ഒരാഴ്ച നീണ്ട ആസൂത്രണമാണ് ഇവർ നടത്തിയിരുന്നത്. ആത്മജ് എന്ന ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന സംഘത്തെ ലിജേഷ് തയ്യാറാക്കി നിർത്തിയിരുന്നു.

രണ്ട് ബൈക്കുകളിലായാണ് ആത്മജും സംഘവും ഹരിദാസിനെ കാത്തിരുന്നത്. തുടർന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസിനെ ഈ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ പങ്കെടുത്തവരിൽ ചിലർ നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലും പങ്കുള്ളവരാണെന്ന് പോലീസ് പറയുന്നു.