തൃശ്ശൂർ ചീയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട് സ്വദേശി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഏപ്രിൽ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചീയാരം സ്വദേശിയായ ഇരുപത്തിരണ്ടുകാരി നീതുവാണ് കൊല്ലപ്പെട്ടത്
ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് പുലർച്ചെ അഞ്ചരയോടെ ബൈക്കിലാണ് പ്രതി എത്തിയത്. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേയ്ക്ക് വരുമ്പോഴാണ് അകത്തുകയറിയത്. കാക്കനാടുള്ള ഐടി കമ്പനിയിൽ ജീവനക്കാരനായിരുന്നു നിധീഷ്.
ഇരുവരും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇടക്കാലത്ത് ഇവർ തമ്മിൽ വഴക്കിട്ടു. നിധീഷിന്റെ വിവാഹാഭ്യർഥന നീതു നിരസിക്കുകയും ചെയ്തു. ഇതോടെയാണ് നീതുവിന്റെ വീട്ടിലേക്ക് പുലർച്ചെ നിധീഷ് എത്തിയത്. ഇരുവരും തമ്മിലുളള വാക്കുതർക്കത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ കഴുത്തിൽ കുത്തിയ ശേഷം കയ്യിലുള്ള പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.