ഷേവ് ചെയ്താൽ ചുവന്ന കുരുക്കൾ വരുന്നതിന് കാരണങ്ങൾ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കിൽ ഷേവ് ചെയ്യുന്നതിനു മുൻപും അതിനുശേഷവും ഉപയോഗിക്കുന്ന ജെൽ, ക്രീം എന്നിവയോടോ ഉള്ള അലർജിയാകാം. എണ്ണമയം കൂടുതലുള്ള ചർമക്കാർക്ക് മുഖക്കുരു ഉണ്ടാകാം. ഷേവ് ചെയ്യുന്ന രീതി ശരിയായില്ലെങ്കിൽ ഇൻഗ്രോൺ ഹെയറിനുള്ള(അകത്തേക്ക് മടങ്ങി വളരുന്ന രോമം) സാധ്യത കൂടുതലാണ്. അങ്ങനെയും കുരുക്കളും പഴുപ്പുമുണ്ടാകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഷേവ് ചെയ്യുന്നതിന് മുൻപ് ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് മുഖം കഴുകുക.
ഷേവിങ് ജെൽ പുരട്ടിയ ശേഷം രോമം വളരുന്ന അതേ ദിശയിൽ ഷേവ് ചെയ്യുക.
റേസർ ചർമത്തിൽ ഒരുപാട് അമർത്തരുത്.
ഡിസ്പോസിബിൾ മൾട്ടി ബ്ലേഡ് റേസറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
ഷേവിങ് കഴിഞ്ഞാൽ ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. അതിനുശേഷം തണുത്ത വെള്ളം കൊണ്ടും കഴുകുക.
ഷേവ് ചെയ്ത ഭാഗം ടവൽ ഉപയോഗിച്ച് അമർത്തിത്തുടയ്ക്കരുത്.
വെള്ളം ഒപ്പിയെടുക്കുക. അതിനുശേഷം ആന്റിസെപ്റ്റിക് ക്രീം പുരട്ടുക.
എണ്ണമയമുള്ള ചർമമാണെങ്കിൽ ക്രീം പുരട്ടരുത്.