കോയമ്പത്തൂരിൽ ഡിഗ്രി വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ യുവാവ് തൃശ്ശൂരിൽ പിടിയിൽ

കോയമ്പത്തൂർ പേരൂരിൽ കോളജ് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ യുവാവ് തൃശ്ശൂരിൽ പിടിയിൽ തൃശ്ശൂരിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതി രതീഷിനെ(24) പിടികൂടിയത്. യാത്ര പാസോ, രജിസ്‌ട്രേഷനോ കൂടാതെ ഊടുവഴിയിലൂടെയാണ് ഇയാൾ അതിർത്തി കടന്ന് തൃശ്ശൂരിലെത്തിയത്.

പ്രണയം നിരസിച്ചതിനെ തുടർന്നാണ് ബികോം വിദ്യാർഥിനിയും പേരൂർ സ്വദേശിയുമായ ഐശ്വര്യയെ രതീഷ് കൊലപ്പെടുത്തിയത്. ഐശ്വര്യയുടെ പിതാവിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. ഐശ്വര്യയും രതീഷും മുമ്പ് പ്രണയത്തിലായിരുന്നു

വീട്ടുകാർ ബന്ധം വിലക്കിയതോടെ ഐശ്വര്യ രതീഷിനെ കഴിഞ്ഞ നാല് മാസക്കാലമായി അവഗണിക്കുകയായിരുന്നു. ഫോൺ വിളിച്ചിട്ടും എടുത്തില്ല. തുടർന്നാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഐശ്വര്യയുടെ വീട്ടിലെത്തി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചത്. പിതാവിനൊപ്പമാണ് പെൺകുട്ടി എത്തിയത്. അടുത്ത് എത്തിയതോടെ ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ശക്തിവേലിന്റെ കൈയിലും കുത്തേറ്റു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് ഐശ്വര്യ മരിച്ചത്.