വിവാദമായ സിസ്റ്റർ അഭയ കൊലപാതക കേസിന്റെ വിധി നാളെ പറയും. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.
തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ കൂറുമാറിയ കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമാകുക. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതി തള്ളിയ കേസ് കൊലപാതകമാണെന്ന് തെളിയിച്ചത് സിബിഐയാണ്.
ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പ്രതികളും തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്നാണ് സിബിഐയുടെ കുറ്റപത്രം. ഇതിൽ ജോസ് പിതൃക്കയിലെ പിന്നീട് പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. 1992 മാർച്ച് 27നാണ് അഭയയെ കോട്ടയം പയസ് ടെൻസ് കോൺവെന്റിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 26നാണ് വിചാരണ ആരംഭിച്ചത്. സഭയുടെ പിന്തുണയുള്ള പ്രതികൾ വിചാരണ തടസ്സപ്പെടുത്താൻ സുപ്രീം കോടതിയെ വരെ സമീപിച്ചു. എന്നാൽ വിചാരണ തുടരാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. 49 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ രഹസ്യമൊഴി നൽകിയ സാക്ഷികൾ അടക്കം എട്ട് പേർ കൂറുമാറി.
മൂന്നാം സാക്ഷി രാജുവിന്റെ മൊഴി പക്ഷേ നിർണായകമായി. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷണത്തിനായി കയറിയപ്പോൾ പ്രതികളെ കണ്ടുവെന്ന് രാജു മൊഴി നൽകി. ഇതിനിടെ കന്യാകാത്വം ഉണ്ടെന്ന് കാണിക്കാൻ സിസ്റ്റർ സെഫി നടത്തിയ ശസ്ത്രക്രിയ ഉൾപ്പെടെ കോടതിയിൽ ഉന്നയിക്കപ്പെട്ടു. നിർണായക വിധി വരുമ്പോൾ അഭയയുടെ മാതാപിതാക്കളായ തോമസും ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല