കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിനെതിരേ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കോവിഡ് ബാധിതനായി പ്രവേശിപ്പിച്ച സി കെ ഹാരീസ് ഓക്സിജൻ ലഭിക്കാതെ മരിച്ചു എന്നാരോപണത്തിനു പുറമെയാണ് മെഡിക്കൽ കോളേജിനെതിരേ പരാതിയുമായി മറ്റുള്ളവരും എത്തിയിരിക്കുന്നത്. ചികിത്സയിലിരിക്കെ മരിച്ച ജമീല, ബൈഹക്കിയ എന്നിവരുടെ ബന്ധുക്കൾ മെഡിക്കൽ കോളേജിനെതിരേ കളമശ്ശേരി പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം.
വെന്റിലേറ്റർ ട്യൂബ് മാറി കിടന്നതിനാൽ ഓക്സിജൻ കിട്ടാതെയാണ് ഹാരീസി മരിച്ചത് എന്ന നഴ്സിംഗ് ഓഫിസറുടെ ആരോപണം വിവാദമായിരുന്നു. ഇത് ഡോക്ടർ നജ്മ ശരിവെക്കുകയും ചെയ്തിരുന്നു. ജമീല എന്ന രോഗി ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നതു കണ്ട് ചെല്ലുമ്പോൾ വെന്റിലേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും ഇക്കാര്യം ഡ്യൂട്ടി നഴ്സുമാരെ അറിയിച്ചെങ്കിലും ഉടൻ പരിഹാരം കാണുന്നതിൽ വീഴ്ച്ചയുണ്ടായെന്നുമാണ് ഡോ. നജ്മപപറയുന്നത്
ഐസിയുവിലെ പരിചരണത്തിൽ പിഴവുകളുണ്ടെന്ന കാര്യം അമ്മ വിളിച്ചു പറഞ്ഞിരുന്നുവെന്ന് ജമീലയുടെ മകൾ ഹൈറുന്നീസ ഷമീർ പറയുന്നു. കുടിക്കാൻ ചൂടു വെള്ളം ചോദിച്ചിട്ടുപോലും നൽകുന്നില്ലെന്ന് അമ്മ പറഞ്ഞിരുന്നതായി ഹൈറുന്നീസ പറഞ്ഞു. ഇടയ്ക്ക് വിളിച്ചപ്പോൾ വലിയ ശബ്ദത്തിൽ പ്രയാസപ്പെട്ടു ശ്വാസമെടുക്കുന്നതു കേട്ടിരുന്നുവെന്നും ഇതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതരോട് അനുവാദം ചോദിച്ചെങ്കിലും എവിടെ പോയാലും ഈ ചികിത്സയെ ലഭിക്കുകയുള്ളൂവെന്നും സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും പറഞ്ഞ് പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും ജമീലയുടെ മകൾ പരാതി പറയുന്നു.