മക്കളുടെ ചികിത്സയ്ക്ക് ’ഹൃദയം’ വിൽക്കാൻ തെരുവിലിറങ്ങി വീട്ടമ്മ; ആരോ​ഗ്യമന്ത്രി ഇടപ്പെട്ടു, ചികിത്സാ ചിലവ് സർക്കാർ വഹിക്കും

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ അവയവങ്ങൾ വിൽക്കുന്നതിന് തയാറാണെന്ന് കാണിച്ച് അഞ്ചുമക്കളുമായി തെരുവിൽ സമരത്തിനിറങ്ങിയ അമ്മയ്ക്ക് പിന്തുണയുമായി സർക്കാർ രം​ഗത്ത്.

മലപ്പുറം സ്വദേശിനി ശാന്തയാണ് മക്കളുമായി സമരത്തിലിറങ്ങിയത്. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

വീടിന്റെ വാടക ഏറ്റെടുക്കാൻ ലയൺസ് ക്ലബ്ബ് തയാറാണെന്ന് അറിയിച്ചു. വാടക ലയൺസ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന ഉറപ്പിൽ വാടക വീട്ടിലേക്ക് മാറാൻ ശാന്തി സമ്മതിച്ചതോടെ പ്രശ്നത്തിന് പരിഹരമായി

കൊച്ചി കണ്ടെയ്നർ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടിൽ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കൾക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്തത്.

മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകൾക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവർ വില്‌‍പനയ്ക്ക് വച്ചത്. ഇന്നലെ മുതലാണ് ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽപനയ്ക്ക് എന്ന ബോർഡുമായി കൊച്ചി കണ്ടെയ്നർ റോഡിലാണ് വീട്ടമ്മ നിൽക്കാൻ തുടങ്ങിയത്.