എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകത സംഭവിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ 28 മാർക്ക് ലഭിച്ച വിഷ്ണുവിന് പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും ലഭിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കനായ വിഷ്ണുവിന് മുഴുവൻ വിഷയത്തിലും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മലയാളം ഒന്നാം പേപ്പറിന് ബി പ്ലസും മറ്റ് വിഷയങ്ങളിലെല്ലാം എ പ്ലസും ലഭിച്ചു.
മലയാളത്തിൽ 40ൽ 28 മാർക്കാണ് വിഷ്ണുവിന് ലഭിച്ചത്. പുനർമൂല്യനിർണയം കഴിഞ്ഞപ്പോൾ മുഴുവൻ മാർക്കും ലഭിച്ചു. ആദ്യ തവണ മൂല്യനിർണയം നടത്തിയ അധ്യാപകൻ മുഴുവൻ മാർക്ക് നൽകിയിരുന്നു. എന്നാൽ ഒന്നാമത്തെ പേജിൽ 28 മാർക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അലക്ഷ്യമായി മൂല്യനിർണയം നടത്തിയ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിഷ്ണുവിന്റെ പിതാവ് ശശികുമാർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.