വയനാട്ടിലെ കുട്ടികൾക്കായി ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതി; ജില്ലാതല ഓണ്‍ലൈന്‍ ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു

രാഹുല്‍ ഗാന്ധി എം.പിയുടെ ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം പാലക്കര കോളനിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. വിദ്യാഭ്യാസം കൊണ്ടു മാത്രമാണ് ഒരാളുടെ ജീവിത നിലവാരം ഉയരുകയുള്ളൂവെന്നും ആയതിനാല്‍ അടിസ്ഥാന വിദ്യഭ്യാസം എല്ലാവരിലും എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുണ്ടെന്നും അവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ പൊതുസമൂഹം സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് എല്ലാ പിന്തുണയും എം.പി ഉറപ്പ് നല്‍കി.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 350 സ്മാര്‍ട്ട് ടിവികളാണ് രാഹുല്‍ ഗാന്ധി സ്വന്തം നിലയില്‍ അനുവദിച്ചത്. ഇതില്‍ 225 ടീവികള്‍ വയനാട് ജില്ലയ്ക്കും 125 എണ്ണം മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കുമാണ് അനവദിച്ചത്. മണ്ഡലത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ടിവികള്‍ നല്‍കാന്‍ തയ്യാറായി മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ എം.പി കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ടിവികള്‍ അനുവദിച്ചത്.

ഓണ്‍ലൈന്‍ പരിപാടിയില്‍ രാജ്യസഭാ എം.പി. കെ.സി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷണന്‍ എം.എല്‍.എ, ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞായിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന്‍, കെ.ജെ പൈലി, പി.കെ ജയലക്ഷമി, കെ.സി റോസക്കുട്ടി ടീച്ചര്‍, പി.പി ആലി, അഡ്വ. എന്‍.കെ വര്‍ഗ്ഗീസ്, എം.സി സെബാസ്റ്റ്യന്‍, ബെന്നി അരിഞ്ചേര്‍മ്മല, സെബാസ്റ്റ്യന്‍ ടി.ജി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.