വയനാട്ടിലെ വിദ്യാർത്ഥികൾക്കായി 175 ടിവികൾ കൂടി എത്തിച്ച് രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി 175 സ്മാര്‍ട്ട് ടി വികള്‍ കൂടി നല്‍കി സ്ഥലത്തെ എംപി കൂടിയായ രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ ക്ലാസ് സംവിധാനമില്ലാത്ത കുട്ടികള്‍ക്കായി രാഹുല്‍ നേരത്തെ 50 ടിവികള്‍ നല്‍കിയിരുന്നു. ജൂണ്‍ 19നായിരുന്നുവത്. ഇത് കൂടാതെയാണ് 175 ടിവികള്‍ കൂടി എത്തിച്ചിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്നാണ് വിക്ടറി ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാനാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ടിവിയോ മൊബൈല്‍ ഫോണോ നെറ്റ് വര്‍ക്ക് കണക്ഷനോ ഇല്ലാത്തവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

വയനാട്ടില്‍ ഇത്തരം കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് രാഹുല്‍ ഗാന്ധി ടി വി വാങ്ങി നല്‍കിയത്. മലപ്പുറം ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ ആത്മഹത്യക്ക് പിന്നാലെയാണ് രാഹുല്‍ ടി വി നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്.