65 വയസ്സിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പുകളില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് ബാധ സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം.

ഒക്ടോബര്‍-നവംബര്‍ മാസരങ്ങളില്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കി. 80 വയസ്സിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ ചട്ടം ഭേദഗതി വരുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ 65 വയസ്സാക്കി കുറച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റല്‍ വോട്ട് അനുവദിക്കും. പ്രത്യേക കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും ഇതിനായുണ്ടാകും.