തൃഷയും ചിമ്പുവും വിവാഹിതരാകുന്നു?

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘വിണൈ താണ്ടി വരുവായാ’, ‘അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്പുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയത്തകര്‍ച്ചകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് ചിമ്പു.

മുന്‍നിര നായികമാരുമായുള്ള പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് താന്‍ മാനസികമായി വളരെ തളര്‍ന്നിരുന്നുവെന്ന് ചിമ്പു വെളിപ്പെടുത്തിയിരുന്നു. നടന്‍ റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലാണ് എന്ന വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു. നിര്‍മ്മാതാവ് വരുണ്‍ മണിയനെ വിവാഹം ചെയ്യാനിരുന്നെങ്കിലും ആ ബന്ധവും നടി പാതിവഴിയില്‍ ഉപേക്ഷിച്ചു.