കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തുള്ള 347ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് ആരംഭിക്കും. അധിക പൈലുകൾ സ്ഥാപിച്ചു കൊണ്ടാണ് തൂണ് ബലപ്പെടുത്തുന്നത്. ഡിഎംആർസി, എൽ ആൻഡ് ടി, എയ്ജീസ്, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ. നിർമാണ ചുമതല എൽ ആൻ ടിക്കാണ്. മെട്രോ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിർമാണ ജോലികൾ നടക്കുക
ട്രാക്കിന് ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് അപാകത പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. നിർമാണത്തിലെയും മേൽനോട്ടത്തിലെയും പിഴവാണ് തൂണിന് ബലക്ഷമുണ്ടാക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ട്രാക്കിനുണ്ടായ വളവിന്റെ കാരണം പൈലിംഗിലെ പിഴവാണെന്നും സൂചനയുണ്ട്. വിവിധ തലങ്ങളിലുള്ള മേൽനോട്ട പിഴവ് സംഭവിച്ചുവെന്നാണ് ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരൻ പ്രതികരിച്ചത്.
2021 നവംബർ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കിൽ നേരിയ വളവ് കണ്ടെത്തിയത്. ആദ്യം ഒരു മില്ലിമീറ്റർ വളവായിരുന്നു. പിന്നീടിത് 9 മില്ലി മീറ്റർ വരെയായി. ട്രെയിൻ ഓടുമ്പോൾ ട്രാക്കിൽ നിന്ന് ഞരക്കവും കേട്ടുതുടങ്ങിയതോടെയാണ് പരിശോധന നടത്തിയത്.