യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു; മൃതദേഹം മെഡിക്കൽ കോളജിന് നൽകും

 

യുദ്ധം രൂക്ഷമായ യുക്രൈനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാർകീവിൽ നിന്നും മൃതദേഹം ബംഗളൂരുവിലെത്തിച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ബംഗളൂരു വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിന് പിന്നാലെ മൃതദേഹം നവീന്റെ ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി

വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം എസ് എസ് മെഡിക്കൽ കോളജിനായി വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ച കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി ബസവരാജ നന്ദി അറിയിച്ചു. മാർച്ച് ഒന്നിന് ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. ഖാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു

സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുമ്പോഴുണ്ടായ ആക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട് 20 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്. ഹവേരിയിലെ കർഷക കുടുംബമാണ് നവീന്റേത്. 97 ശതമാനം മാർക്ക് പ്ലസ് ടുവിന് നേടിയെങ്കിലും നവീന് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചിരുന്നില്ല. തുടർന്നാണ് കൃഷിയിൽ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പ എടുത്തും യുക്രൈനിലേക്ക് എംബിബിഎസ് പഠനത്തിനായി പോയത്