നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

 

യുക്രൈനിലെ ഖാർകീവിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. യുക്രൈൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു

ഏജന്റും നവീന്റെ സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ നാട്ടിൽ എപ്പോൾ എത്തിക്കാനാകുമെന്നതിൽ അവ്യക്തത തുടരുകയാണ്. ഹവേരിയിലെ കർഷക കുടുംബമാണ് നവീന്റേത്. കൃഷിയിൽ നിന്നുള്ള വരുമാനം സ്വരൂപീച്ചും വായ്പയെടുത്തുമാണ് വിദേശത്ത് പഠനത്തിന് അയച്ചത്.

പ്ലസ്ടുവിന് 97 ശതമാനം മാർക്ക് ലഭിച്ചിരുന്നുവെങ്കിലും നീറ്റ് പ്രവേശന പരീക്ഷയിൽ ആദ്യ പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലെ ഉയർന്ന ഫീസ് കണക്കിലെടുത്താണ് യുക്രൈനിലേക്ക് പോയത്. നീറ്റ് പ്രവേശന പരീക്ഷയുടെ ഇരയാണ് നവീനെന്ന് പ്രതിപക്ഷം ആരോപിച്ചു.